Search This Blog

Thursday, April 8, 2010

പൂമ്പാറ്റ

മൗനം ഘനീഭവിച്ച മനസ്സിൽ വളപ്പൊട്ടുകൾ കാത്തുവച്ചിരുന്നു നീ.
മഞ്ഞുപെയ്യുന്ന ഒരു പുലരിയിൽ എന്റെ കൈ പിടിച്ചോടി,
പുസ്തകത്താളിൽ കുരുത്തോലച്ചോറുകൊടുത്ത് നീ വളർത്തിയ മയിൽപ്പീലി കാട്ടിത്തരുമ്പോൾ,
നിന്റെ കണ്ണുകളിലെ തിളക്കത്തിനൊപ്പം,
സന്ധ്യക്ക് വിരിഞ്ഞ്, ചന്ദ്രന്റെ മടിത്തട്ടിലുറങ്ങിയും താരകളോട് സല്ലപിച്ചും കൊതിതീരാതെ
മറയാനിരുന്ന കൗമുദിയുടെ ആസന്നമായ വിരഹദു:ഖം മൊട്ടിട്ടിരുന്നുവെന്ന്
മാഞ്ഞുതുടങ്ങിയ ഓർമത്താളുകളിൽ, വരിതെറ്റിയ അക്ഷരക്കൂട്ടങ്ങൾക്കിടയിൽ നിന്ന്
ഞാൻ ചികഞ്ഞെടുക്കുമ്പോൾ,
ഈനിയും മരിച്ചിട്ടില്ലാത്ത മനസിന്റെ കോണുകളിൽ പൊടിയുന്ന ചുടുനിണത്തിന്റെ നീറ്റൽ...

ചുവട്ടിൽ റബ്ബറുള്ള പെൻസിൽ കൊണ്ട് നീ,
നിന്റെ കണക്കുപുസ്തകത്തിന്റെ പിന്നിൽ ഞാൻ കോറിയിട്ട നിന്റെ ചെല്ലപ്പേരുകൾ
മായ്ച്ചപ്പോൾ ആ കണ്ണുകളിൽ തുളുമ്പിയ തേൻകണങ്ങൾ
ഉരുകിയ ലോഹം പോലെ എന്റെ മറഞ്ഞുതുടങ്ങിയ ബോധത്തിലെവിടെയോ വീണ് പൊള്ളുന്നു.

എന്റെ വക്കുപൊട്ടിയ സ്ലേറ്റിൽ കല്ലുപെൻസിൽ കൊണ്ട് ഞാൻ നിനക്കായൊരുക്കിയ
പൂരത്തേയും ബലൂൺ വിൽപനക്കാരനേയും കാണാൻ കാത്തുനിൽക്കാതെ
ഉണങ്ങിയ ആലിലയിൽ കുരുത്തോലകളൊട്ടിച്ച് നീ ജന്മം നൽകിയ
നിന്റെ ഉണ്ണിക്കണ്ണനെ എന്റെ കയ്യിലേൽപിച്ച്,
കുറിഞ്ഞിയുടെ കുഞ്ഞുങ്ങൾക്ക് പാലുനൽകാൻ മറക്കരുതെന്ന്
പിന്നെയുംപിന്നെയും മന്ത്രിച്ചുകൊണ്ട്,
സ്കൂൾ വിടുന്ന സായന്തനങ്ങളിൽ, മറയുന്ന സൂര്യന്റെ തലോടലേറ്റ്‌
തൊടിയിൽ തുമ്പിയെ പിടിക്കാൻ എന്നും എന്റെ തുണിത്തുമ്പിൽ തൂങ്ങിയിരുന്ന കുഞ്ഞനുജത്തീ,
നിന്റെ സ്വപ്നങ്ങളിൽ നിന്നോടൊപ്പം കളിക്കാൻ കൂടുമായിരുന്ന
മഞ്ഞക്കണ്ണുകളും വെള്ളഫ്രോക്കുമിട്ട രാജകുമാരിയെ
ഞാൻ നിനക്കായ് വരച്ചത് കാണാൻ വരാതെ നീ എവിടെയാണ് മറഞ്ഞിരിക്കുന്നത്?

പേടിസ്വപ്നം കാണുമ്പോൾ ഏട്ടന്റെ മടക്കിയ കയ്ക്കുള്ളിൽ തലമറച്ചുറങ്ങുന്ന നീ,
രാജകുമാരിമാരുടെയും മന്ത്രവാദികളുടേയും കഥകളില്ലാതെ വിശപ്പ് മാറാത്ത നീ,
കൂട്ടുകാർ കളിയാക്കൂമ്പോഴോ കളിയിൽ തോൽക്കുമ്പോഴോ
പരാതിയുമായി എന്നടുത്തോടിയെത്താറുള്ള നീ,
ഇടവപ്പാതിയിൽ മുറ്റത്ത് വെള്ളം നിറയുമ്പോൾ കളിവള്ളമുണ്ടാക്കാനും,
മഴത്തുള്ളികൾ വെള്ളത്തിലുണ്ടാക്കുന്ന കുമിളകാണാനും
എന്നെ കൂട്ടിനുവിളിക്കുമായിരുന്ന നീയിന്നെവിടെയാണ്?

ആദ്യമായിക്കൊഴിഞ്ഞ നിന്റെ പല്ലുകണ്ട് നീ കരഞ്ഞപ്പോൾ,
മാലാഖമാർക്ക് പല്ലുകളേയില്ല എന്നുപറഞ്ഞത് കേട്ട്
നീ നിന്റെ പല്ലുകൊഴിഞ്ഞ മോണകാട്ടിച്ചിരിച്ചത് എന്റെ കഥ വിശ്വസിച്ചിട്ടോ,
ഈ ഏട്ടന് നല്ലപോലെ കള്ളം പറയാൻ പോലും അറിയില്ലെന്ന് കളിയാക്കിയതോ?

ഇല്ല. ഇനിയൊരിക്കലും ഏട്ടൻ കള്ളം പറയില്ല.
കള്ളമില്ലാത്ത ലോകത്തെ മാലാഖയായി,
മഷിത്തണ്ടുകൊണ്ട് മായ്ക്കാൻ കഴിയാത്ത മുറിപ്പാടുകൾ നൽകി,
നിന്റെ ബാല്യകാലസ്വപ്നങ്ങളുടെ കാവൽക്കാരനാക്കി,
എന്നെ ഈ മനുഷ്യരുടെ ലോകത്ത് ഒറ്റക്കുനിർത്തി
സ്വയം മാഞ്ഞുപോയ എന്റെ കളിക്കുടുക്കയോട് ഏട്ടന്റെ അവസാനയാചന-
നിനക്കായ് വാങ്ങിയ ഈ മഞ്ഞപ്പൂക്കളുള്ള പാവാട കണ്ട്,
എന്റെ കവിളിൽ ഒരു മുത്തം നൽകി,
പിന്നിയിട്ട നീണ്ട മുടികുലുക്കിയുള്ള ആ സന്തോഷനൃത്തം ചെയ്യാൻ
ഒരുതവണ എന്റെ സ്വപ്നത്തിൽ പുനർജനിക്കുമോ, ഒരു പൂമ്പാറ്റയായെങ്കിലും?

Sunday, February 28, 2010

സംഗീതം

അവള്‍ എങ്ങോ മറഞ്ഞിരിക്കുകയായിരുന്നു...
നീ തൊട്ടുണര്‍ത്തുംവരെ.
അവള്‍ക്കീ പ്രപഞ്ചത്തോട്‌ എന്തോ പറയാന്‍ ഉണ്ടായിരുന്നു...
നിന്നംഗുലികളെ പ്രണയിചിരുന്നപ്പോള്‍.
നിന്‍റെ സംഗീതം നിന്‍റെതായിരുന്നില്ല,
ആ തംബുരുവിന് പ്രപഞ്ചത്തോടുള്ള പരിവേദനമായിരുന്നു.

നിന്‍റെ വിരഹത്തെ പ്രണയിച്ച്,
നിന്‍റെ വിരല്‍ത്തുമ്പില്‍ ജനിച്ച്,
നിന്‍റെ കാതില്‍ മരിച്ച,
ആ സംഗീതത്തെ നീ മനസിലാക്കിയിരുന്നുവോ..? ഇല്ല.
എന്തെന്നാല്‍ നീയും, ഞാനും, ഈ പ്രപഞ്ചവും അപൂര്‍ണമായിരുന്നു.
പൂര്‍ണതയിലേക്കുള്ള ഓരോ ചുവടുവയ്പിലും
നീ എത്തിച്ചേര്‍ന്നത് അപൂര്‍ണതയുടെ വിവിധ ഭാവങ്ങളിലായിരുന്നു.

നീ നിന്‍റെ വാകുകളാല്‍ അവള്‍ക്ക് രൂപം നല്‍കിയപ്പോള്‍,
നിന്‍റെ മസ്തിഷ്കത്തിന്‍റെ മാറാലകളുടെ കുരുക്കുകള്‍ മുറുകുകയായിരുന്നു.
പിടയുകയായിരുന്നു അവള്‍, ശ്വാസത്തിനായി!
കേഴുകയായിരുന്നു അവള്‍, സ്വാതന്ത്ര്യത്തിനായി!

പിറവിയുടെ വേദനയെ മാതൃഭാവത്തില്‍ നീ അറിഞ്ഞപ്പോള്‍,
ആ ശിശുരോദനം നിന്‍റെ കാതുകള്‍ക് അമൃതമായിരുന്നു.
ഇന്നലെവരെ ഒരു പൂവിന്‍റെ സ്വപ്നമായിരുന്നു സംഗീതം.
ഇന്നത്‌ ഒരു പൂമ്പാറ്റയുടെ നൃത്തമാകുന്നു!
ചിറകറ്റ് വീണ് ഒരിലത്തുമ്പിലെ രക്തമാകുന്ന നാള്‍ വരെ.

നിന്‍റെ സ്വപ്നങ്ങള്‍ക് മായ്ക്കാനാകില്ല,
നിന്‍റെ വാക്കിനാല്‍ വ്രണിതമായ സംഗീതത്തിന്‍റെ വേദന,
ഇനിയൊരിക്കലും പൂര്‍ണമാകാത്ത അവളുടെ ചടുലത,
മരവിച്ച വിരലില്‍ നീ കൊരുത്തിട്ട നിന്‍റെ പ്രണയം.

Wednesday, February 17, 2010

വിരഹം

തടയാന്‍ നിനക്കാവില്ല പകലിനെ,
പോയ്മറയും സന്ധ്യ ദൂരെ നീലംബാരത്തില്‍!
കാത്തിരിക്കുക,
വരുമൊരുപുലരി വീണ്ടും നിനക്കായ്‌...

പാറും പൂമ്പാറ്റകള്‍,
പാടും കിളിമകള്‍,
പൂക്കും തരുനിരകള്‍
ആ പുലരിയില്‍ നിന്‍ സ്വപ്നസാഫല്യമായ്!

യാത്രയാക്കുക ശോകയാം സന്ധ്യയെ
തിങ്കള്‍ താരാട്ടുപാടും നിനക്കായ്‌,
താരകള്‍ തഴുകിയുറക്കും നിന്നെ!
കാത്തിരിക്കുക,
വരുമൊരുപുലരി വീണ്ടും നിനക്കായ്‌...

നേര്‍ത്തമഞ്ഞിന്‍ കുളിരായ് വരും,
പച്ചിലത്തുമ്പിലെ തുള്ളിയായും.
തൊട്ടുണര്‍ത്തുന്നു നിന്നോടോതുവാന്‍,
നീ ഈ പകലിന്‍ സ്വന്തമല്ലോ...

പിന്നെന്തിനുസന്ധ്യയെ പുണരാന്‍ കൊതിക്കുന്നു നീ ....?

Friday, August 7, 2009

അനശ്വരപ്രണയം

പണ്ടൊക്കെ ഞാന്‍ പ്രണയത്തില്‍ വിശ്വസിച്ചിരുന്നു. അനശ്വരവും പവിത്രവും ആയ ഒരു മനോഹരപുഷ്പം. പുഷ്പത്തിന്റെ മനോഹാരിത കണ്ടുരസിക്കനല്ലാതെ അതിന്റെ തേന്‍ നുകരാന്‍ ഞാന്‍ ശ്രമിച്ചില്ല. അങ്ങിനെയുള്ള സിനിമകളും കഥകളും എനിക്കിഷ്ടവും ആയിരുന്നു. എന്റെ കൂട്ടുകാരൊക്കെ പരാജയപ്പെട്ട് മടങ്ങിയപ്പോഴും അത് അവരുടെ കുഴപ്പം എന്നല്ലാതെ മനോഹര പുഷ്പത്തെ വേദനിപ്പിക്കാന്‍ ഞാന്‍ മുതിര്‍ന്നില്ല.

പക്ഷെ ഒടുവില്‍ ഞാനും.. മുള്ളുകള്‍ എന്നെയും വേദനിപ്പിച്ചതോടെ ഞാന്‍ പുഷ്പത്തെ സംശയിക്കാന്‍ തുടങ്ങി. അതിന്റെ ഇതളുകള്‍ കൊഴിയാന്‍ ആരംഭിച്ചു. ഇതൊക്കെ സിനിമയ്ക്കും കഥയ്ക്കും മാത്രമായി അവര്‍തന്നെ സൃഷ്ടിച്ചതാണെന്ന് ഞാന്‍ പറഞ്ഞുതുടങ്ങി.

പക്ഷെ ഒടുവില്‍... ഇതാ ഞാന്‍ വീണ്ടും പ്രണയത്തില്‍ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു!! ഇന്നലെയായിരുന്നു, എന്റെ ഭാര്യ അവളുടെ പഴയ കാമുകനോടൊപ്പം ഒളിചോടിപ്പോയത്.. അനശ്വരമാണ് പ്രണയം, പക്ഷെ പവിത്രത....

Sunday, August 2, 2009

Same to you!

ഇതു ഒരു കോളേജ് കഥയാണ്. കുപ്രസിധിയുള്ള കോളേജ് ആയിരുന്നു നിലമേല്‍ N.S.S. കോളേജ്. കഥകള്‍ ഒരുപാടു കേട്ടിട്ടുണ്ട് ആ കോളേജിനെ പറ്റി. അങ്ങിനെയുള്ള കോളേജില്‍ പ്രി ഡിഗ്രിയുടെ അവസാനത്തോടടുത്ത ഒരു ബാച്ചില്‍ ഞാന്‍ പ്രവേശനം നേടിയത് കമ്മ്യൂണിറ്റി മെരിറ്റില്‍ ആയിരുന്നു. അതായതു ഒരു നായര്‍ ആയതുകൊണ്ട് കല്പിച്ചുകിട്ടിയ സീറ്റ്.

എന്റെ പ്രി-ഡിഗ്രി കാലം വളരെ മനോഹരം ആയിരുന്നു.  ഞാന്‍, വിഷ്ണു, അരുണ്‍( സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവനെ വാളി എന്നും വിളിക്കാം), റിയാസ് അങ്ങിനെ ഒരു 10-15 പേരുടെ ബാച്ച് ആയിരുന്നു ഞങളുടെത്. പ്രണയം എന്ന പ്രസ്ഥാനം ഞങ്ങളുടെ ഒക്കെ മുന്‍പില്‍ സൂര്യപ്രഭയോടെ കത്തിനിന്നു കൊതിപ്പിക്കുന്ന കാലം. സിനിമയില്‍ ഒക്കെ കാണുന്നപോലെ ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ പ്രണയിച്ചു, കോളേജിന്റെ മുന്നില്‍ കൂടി ആടിപ്പാടി, കൂട്ടുകാരെ ഒക്കെ അസ്സൂയപ്പെടുത്തി അങ്ങിനെ ഹീറോ ആയി നടക്കണം എന്ന് ഒരു ദയയും ഇല്ലാതെ സ്വപ്നം കണ്ടുനടക്കുന്ന കാലം. പക്ഷെ ഒരു പെണ്‍കുട്ടിയുടെ മുന്‍പില്‍ പോയി പ്രണയാഭ്യര്‍ത്ഥന നടത്താന്‍ മാത്രം ധൈര്യം ആരും പ്രകടിപ്പിച്ചു വന്നില്ല!

അങ്ങിനെ ഇരിക്കെ അവസാനം റിയാസ് തന്റെ മനസുതുറക്കാന്‍ തീരുമാനിച്ചു. അവന്‍ ആശ എന്ന കുട്ടിയെ ആണ് സ്വപ്നം കാണുന്നത്. അവര്‍ ഫ്രണ്ട്സും ആയിരുന്നു. ഒരു പോസിറ്റീവ് റിപ്ലെ ഒന്നില്‍ പഠിക്കുന്ന കുട്ടി സ്കൂള്‍ മുന്നിലെ കടയിലെ പഞ്ചാരമുട്ടായി സ്വപ്നം കാണുന്നപോലെ ആയിരുന്നിട്ടും അവന്‍ തന്റെ അനുരാഗവല്ലരി അവളുടെ കാല്‍ക്കല്‍ സമര്പിക്കാന്‍ കടുത്ത തീരുമാനം എടുത്തു.

"നമ്മള്‍ ഫ്രണ്ട്സ് അല്ലെ റിയാസേ..!?" എന്ന തുഛമായ ചോദ്യത്തിന് മുന്നില്‍ സകല കാമുകന്മാരുടെയും മാനം അടിയറവു വച്ച്‌ അവന്‍ ഇങ്ങുപോന്നു. എന്തുചെയ്യാം..? നമ്മുടെ ഫ്രണ്ട്സ് ഒന്നും അവന്റെ സെന്റിമെന്‍സില്‍ തളരാന്‍ കൂട്ടാക്കാത്തവരായിരുന്നു. അങ്ങിനെയുള്ള കശ്മലന്മാര്‍, പിന്നീട് ആശ കടന്നുപോകുമ്പോള്‍ റിയാസിനെ ആ കരിദിനം ഓര്‍മിപ്പിക്കനെന്നവണ്ണം "നമ്മള്‍ ഫ്രണ്ട്സ് അല്ലെ റിയാസേ" എന്ന് വിളിച്ച് ആശ്വാസം കണ്ടിരുന്നു.

റിയാസിന്റെ ഈ ധീരമായ പ്രവൃത്തി അവിടുത്തെ പല ഔദ്യോഗിക- അനൌദ്യോഗിക കാമുകന്മാരുടെയും ഉറക്കം കെടുത്തി. "അവന്‍ ചെയ്തില്ലേ, പിന്നെ എനിക്കെന്താ അവളോട് പറഞ്ഞാല്‍?", "അവന്റെ അവസ്ഥ കണ്ടില്ലേ..? ഇനി ഞാന്‍ എങ്ങിനെ അവളോട്‌ പറയും..?", "ആ പന്നപെണ്ണ് പറഞ്ഞകെട്ടില്ലേ..? ഇതുകണ്ട് ഇനി അവളും എന്നോട് ഇതുപോലെ പറയുമോ ആവോ..?" ഇങ്ങിനെ പോയി അവരുടെ ചിന്തകള്‍. പക്ഷെ ഇതില്‍ നിന്നും പോസിറ്റീവ് ആയ ചോദ്യം ഉണ്ടാകി പ്രചോദനം ഉള്‍കൊണ്ട ഒരു ധീരന്‍ ഉണ്ടായിരുന്നു: നമ്മുടെ വാളി. ഞങ്ങള്‍ ബഹുമാനപൂര്‍വ്വം അദ്ദേഹത്തെ വാളി അണ്ണന്‍ എന്നും വിളിക്കുമായിരുന്നു.

വാളിഅണ്ണന്‍ ഈ പ്രശ്നത്തെ നേരിട്ടത്‌ ഇനി ഒരു ചോദ്യത്തിലൂടെ ആയിരുന്നു. "അവര്‍ ഫ്രണ്ട്സ് ആയതല്ലേ പ്രശ്നമായത്? ഞാന്‍ എന്റെ പ്രിയയോടു മിണ്ടുന്നത് പോയിട്ട് നേരെ നോക്കിയിട്ടുകൂടി ഇല്ല. ഒരുതവണ ലാബില്‍ വച്ച് അവള്‍ എന്നെ കണ്ടോ എന്ന സംശയത്തില്‍ ഒരാഴ്ച ലാബില്‍ കേറാതെ സഹകരിച്ചവനാണ് ഈ വാളി. അപ്പൊ പിന്നെ എന്നോട് അവള്‍ ഇഷ്ടമാണ് എന്നല്ലാതെ എന്തുപറയാന്‍..? ഹ, എന്നോടാ കളി?" ഇങ്ങിനെയുള്ള ഓരോവിധ ചിന്തകളോടെ വാളി തന്റെ മനോഗതം പ്രിയയുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ കച്ചയും തലയിലെ തോര്‍ത്തും മുറുക്കിക്കെട്ടി ഇറങ്ങി. "ഡാ, ഇതുവേണോ..?" എന്നുചോദിക്കാന്‍ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വാളിയുടെ ആത്മവിശ്വാസത്തിനുമുന്പില്‍ ഞാന്‍ എന്റെ വാക്കുകള്‍ വിഴുങ്ങിയിറക്കി - വെള്ളം പോലും കുടിക്കാതെ.

അങ്ങിനെ കൊട്ടും കുരവയും ഒന്നും ഇല്ലാതെയാണെങ്കിലും ബസിലെ കിളിയുടെ ചീത്തവിളിയോടെയും ടീച്ചേര്‍സിന്റെ ശകാരങ്ങളോടെയും, സീനിയേര്‍സിന്റെ കണ്ണുരുട്ടലുകളോടെയും ആ ദിവസം ആരംഭിച്ചു. അന്ന് ഞങ്ങള്‍ എല്ലാരും ഗ്രൌണ്ടിലെ പുല്ലില്‍ കിടന്നു മാനംനോക്കി വാളിയുടെ മാനം പോകുന്നതിനെപറ്റി ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ വാളി തന്റെ പ്രണയാഭ്യര്‍ത്ഥന കാണാതെ പഠിച്ച് പ്രിയെയും കാത്തു വായുനോക്കി നില്‍ക്കുകയാരുന്നു. അവനുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നുപറഞേല്‍പിച്ച് അതില്‍ മാത്രം വിശ്വാസം അര്‍പിച്ചുനിന്ന അവനുണ്ടോ അറിയുന്നു, ഞങ്ങളിവിടെ അവന് വരാന്‍പോകുന്ന മാനക്കെടിനെ ഓര്‍ത്ത്‌ സങ്കടപ്പെട്ടു, അവന്റെ സങ്കടം തീര്‍ക്കാന്‍ ഇന്നു ആര് ബേക്കറിയില്‍ കാശുകൊടുക്കും എന്നാലോചിച്ച് അതിലും സങ്കടപ്പെട്ടു ഒക്കെ ഇരിക്കുകയാണെന്ന്..!!?

എന്തായാലും അല്പം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഹൃദയമിടിപ്പിന് വേഗത സോഡാക്കുപ്പിയിലെ നുരപോലെ ഉയര്‍ത്തികൊണ്ടു ചുണ്ടിലൊരു പുഞ്ചിരിയുമായി വാളി ഓടിയെത്തി. "എന്തായെടാ...???" എത്രപേര്‍ ഈ ചോദ്യം ചോദിച്ചെന്നു ചോദിച്ചവര്‍കുപോലും മനസിലായില്ല. ഞങ്ങളുടെ ആകാംഷയെ തെല്ലും വകവയ്ക്കാതെ അവന്‍ ഇരുന്നു കിതപ്പാറ്റി. ഞങ്ങളെല്ലാം, എക്സാം പാസ്‌ ആയി എന്നാരോ പറഞ്ഞു അതുവിശ്വസിക്കാന്‍ ഒട്ടും പറ്റാതെ റിസള്‍ട്ട്‌ വന്ന പേപ്പര്‍ എടുത്ത്‌ അതില്‍ മിഴിച്ചുനോക്കി ഇരികുന്നപോലെ അവന്റെ വായും നോക്കി ഇരിക്കുകയാണ്. അല്പം കഴിഞ്ഞു, അവന്‍ എന്തോ ഉപകാരം ചെയ്യുന്നപോലെ ചോദിച്ചു "ഡാ, ഈ same to you എന്ന് പറഞ്ഞാല്‍ എന്താ?" "ങേ!!!??????" അവിടിരുന്ന ഓരോരുത്തരും ഞെട്ടി. ഞെട്ടി എന്നുപറഞ്ഞാല്‍ അത് വെറും ചെറിയ വാക്കായിപ്പോകും.. അതിലും കൂടുതല്‍ എന്തൊക്കെയോ ആയി. "എന്താടാ, അവള്‍ നിന്നോട് അങ്ങിനെ പറഞ്ഞോ..?" ആരോ ആ അവസ്ഥയില്‍ നിന്നുമോചനം നേടി ചുണ്ടുകള്‍ ചലിപ്പിച്ചു. "mm mm" അവന്‍ ഒരുനാണത്തോടെമൂളി.

ഞങ്ങളെല്ലാം വീണ്ടും എന്തുചെയ്യണം എന്നറിയാന്‍ വയ്യാത്തഅവസ്ഥയില്‍ അങ്ങിനെ ഇരുന്നു. അല്പം കഴിഞ്ഞ്, "എന്താടാ നടന്നെ തെളിച്ചുപറ" എന്ന് ഒട്ടും വിശ്വാസം വരാതെ ചോദിച്ചു. അവന്റെ ആ ഭാഗ്യത്തില്‍ എല്ലാരും അസൂയപ്പെട്ട്, അവനുവേണ്ടി ആരെഡാ പ്രാര്ത്ഥിച്ചത് എന്ന് ചിന്തിച്ച്, ആകെ ഒരു വല്ലാത്ത അവസ്ഥയില്‍ ഇരിക്കുകയായിരുന്നു. "ഡാ, ഞാന്‍ പോയി അവളോട്‌ I love you എന്ന് പറഞ്ഞു. അപ്പോള്‍ അവള്‍ പറഞ്ഞു, അതിന് നമ്മള്‍ തമ്മില്‍ മിണ്ടീട്ടുപോലുംഇല്ലല്ലോ എന്ന്. ഇനി ഞാന്‍ എന്താ പറയേണ്ടേ എന്നലോചിച്ചപ്പോ ഓണമല്ലേ ഒരു ഓണാശംസകള്‍ നേരാം എന്ന്കരുതി. ഞാന്‍ happy onam എന്ന് പറഞ്ഞപ്പോ അവള്‍ same to you എന്ന് പറഞ്ഞു. എന്താടാ ഈ same to you..!!??".

തന്റെ I love you നെ സപ്പോര്‍ട്ട് ചെയ്യുന്ന എന്തേലും ആണെന്ന് കരുതി പാവം വാളിയണ്ണന്‍ ഞങ്ങളുടെ മുഖത്ത്‌ നോക്കി ഇരുന്നു.

Friday, July 31, 2009

നന്മ നിറഞ്ഞവന്‍ ജഗദീശന്‍

സ്കൂളിലെ ഒരു ചെറിയ അനുഭവത്തില്‍ നിന്നാവാം തുടക്കം.

ജഗദീശന് നല്ലവനായിരുന്നു. പക്ഷെ അവന്റെ നന്മ പലരെയും വിഷമിപ്പിച്ചിട്ടുണ്ട്. അന്നൊരു ശനിയാഴ്ച, കണക്കുടീച്ചര്‍ ക്ലാസ്സ് വച്ചു. ക്ലാസ്സ് പുരോഗമിച്ചുകൊണ്ടിരികെ, ടീച്ചറിനു ഒരു ചായ കുടിക്കാന്‍ തോന്നി. ക്ലാസ്സിലെ ഏറ്റവും നല്ലകുട്ടിയായ ജഗദീശനെ തന്നെ ടീച്ചര്‍ ചായ വാങ്ങാന്‍ അയച്ചു. അവന്‍ കിട്ടിയ അവസരം മുതലാക്കി ഓടിപ്പോകരുത് എന്നുകരുതി ആയിരിക്കും 50 പൈസയുടെ ബബിള്‍ ഗം എന്ന അതിഭയന്കരമായ ഓഫര്‍ അവനുമുന്നില്‍ ടീച്ചര്‍ വച്ചത്.

ജഗദീശന്‍ നല്ലവനാണെങ്കിലും അവനെ ചീത്തയാക്കിയിരുന്നത് സാഹചര്യം ആയിരുന്നു. ടീച്ചറിന്റെ ചായ അവന്‍ കൊണ്ടുക്കൊടുത്തു. ടീച്ചര്‍ അതുകുടിച്ചു. എന്നും കുടിക്കുന്ന ചായയില്‍ നിന്നും വ്യത്യസ്തമായി വളരെ രുചികരമായ ചായ കിട്ടിയപ്പോ ടീച്ചറിനു അത്ഭുതം. ഇതെങ്ങിനെ..? "ഡാ, ഇതു ആ **ന്റെ കടയിലെ ചായതന്നെ അല്ലെ..?" അത്ഭുതം വാക്കുകളായി. "അതെ ടീച്ചര്‍". ടീച്ചറിനു സന്തോഷമായി. എന്നും ഇവനെ തന്നെ ചായക്ക് വിടാം. "എന്നാലും ഇതിനെന്ത്വാട ഒരു പ്രത്യേക രുചി? കൊള്ളാലോ.."

ജഗദീശന്‍ നല്ലവന്‍ തന്നെയാണ്. അല്ലെങ്കില്‍ അവന് അവന്റെ കൈപ്പുണ്ണ്യം എന്നൊക്കെ പറഞ്ഞു രക്ഷപെടമായിരുന്നു. പക്ഷെ അവന്റെ മുഖത്ത് ഒരു കള്ളപുഞ്ചിരി വിരിഞ്ഞു. അതുകണ്ടപ്പോ ടീച്ചറിനു സംശയം ആയി. "എന്ത്വാടാ ഇതില്‍ പറ്റിയേ? ങേ? സത്യം പറഞ്ഞോ... ഇല്ലേല്‍..." ടീച്ചറിനു നിരാശയായി. ഇനി ഈ ചായ കുടിക്കാന്‍ പറ്റില്ലേ? "അല്ല ടീച്ചര്‍ എന്റെ ആ ബബിള്‍ഗം അറിയാതെ ആ ചായയില്‍ വീണുപോയി!" ജഗദീശന്റെ നിരാശ പുറത്തുവന്നു. "ങേ!?" ടീച്ചര്‍ ഒന്നു ഞെട്ടി. ആ ഗ്ലാസ്‌ എടുത്തൊന്ന് ചരിചോക്കെനോക്കി. ഈശ്വരാ അറിയാതെ ബബിള്‍ഗം വയറ്റില്‍ പോയോ? ഗ്ലാസില്‍ അത്കാണാതെ വന്നപ്പോ ടീച്ചറിനു സംശയം കൂടി. "എന്നിട്ടത് എവിടെടാ..." ടീച്ചറിന്റെ ശബ്ദം ഉച്ചത്തിലായി. കുട്ടികളൊക്കെ നിശബ്ദരും. പക്ഷെ ചിലരൊക്കെ രഹസ്യമായി സന്തോഷിച്ചു. 50 പൈസയുടെ ബബിള്‍ഗം അവനും കിട്ടിയില്ലല്ലോ!! എല്ലാവരും ജഗദീശന്റെ വാകുകള്‍കായി കാതോര്‍ത്തു. പലവിധ വികാരങ്ങളോടെ ആയിരുന്നെങ്കിലും. "അത് ഞാന്‍ എടുത്തായിരുന്നു ടീച്ചര്‍" ചിലകുട്ടികള്‍ നിരാശരായി. ടീച്ചര്‍ അത് വിഴുങ്ങി, ഇനി കുറച്ചുനാളത്തേക്ക് ക്ലാസ്സില്‍ വരില്ല എന്ന് കരുതി ഇരുന്നവരോ, അല്ലെങ്കില്‍ അവനും ബബിള്‍ഗം കിട്ടിയില്ല എന്ന് കരുതി ഇരുന്നവരോ ഒക്കെ ആയിരുന്നു അക്കൂട്ടര്‍. പക്ഷെ ടീച്ചറിന്റെ ഒരു സംശയം മാറി. എന്തായാലും അത് വയറ്റില്‍ പോയിട്ടില്ല. സമാധാനം..! ഒരുനിമിഷത്തെ സമാധാനം തീര്ന്നു. "അത് നീ എങിനാടാ എടുത്തെ? കൈയിട്ടണോ..?" അത് വിഴുങ്ങിയിരുന്നെന്കില്‍ ഇതിലും നന്നായേനെ എന്ന ഒരു മുഖഭാവതോടെ ടീച്ചര്‍ ചോദിച്ചു. ങാ അങ്ങിനെ ചോദിക്ക് ഞാന്‍ അങ്ങിനെ എങ്ങാനും ടീചെരിനോടു ചെയ്വോ എന്ന മട്ടില്‍ ജഗദീശന്‍ പറഞ്ഞു "അല്ല ടീച്ചര്‍, അല്ല. ഞാന്‍ അവിടെ കിടന്ന ഒരു കമ്പെടുത്ത അത് കുത്തിയെടുത്തെ!!!"

ജഗദീശന്‍ നല്ലവനാണെന്ന് മാത്രമല്ല, ബുദ്ധിമാനും മഹാനുമായിരുന്നു.

ഞാന്‍ ആരംഭിക്കട്ടെ

ഞാന്‍ ഒരു കഥ എഴുതണം എന്നുകരുതി ഇരിക്കയായിരുന്നു. അപ്പോഴാണ്‌ മനോരമയുടെ ഏതോ ഒരു പേജില്‍ ബ്ലോഗ് എന്നൊരു സാധനത്തെ പറ്റി കേട്ടത്. അവരെ കഥ എഴുതി ആരും ശല്യം ചെയ്യാതിരിക്കാനായി എഴുതിയതായിരിക്കണം. എന്തായാലും അന്നേ ഇതില്‍ ഒരു കൈ വക്കണം എന്ന് കരുതിയതാണ്. അപ്പോഴാണ് കേട്ടത്‌, മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ ബ്ലോഗ് ഉള്ളതെന്ന്. അപോ എന്റേത് വായിച്ചു എന്നെ ആരും കൈ വക്കാതിരിക്കാനായി ഞാന്‍ വേണ്ടെന്നു വച്ചതാണ്. പക്ഷെ എത്ര എന്ന് കരുതി പിടിച്ചു വക്കാന്‍ പറ്റും...?

ഞാന്‍ എഴുതുന്നത് എന്റെ ജീവിതത്തിലെ ഒര്മകളൊ അതുപോലെ എന്തെന്കിലുമോകെയോ ആയിരിക്കും. ഇതു വേറെ ആരെയെങ്കിലും എന്തെങ്കിലും ഒര്മിപ്പികുമെങ്കില്‍ അത് യാദ്രിശ്ചികം ആവാന്‍ വഴിയില്ല. പക്ഷെ അത് നിങ്ങളുടെ ചുണ്ടില്‍ ഒരു ചെറുചിരി വരുത്താന്‍ മാത്രം ഉദ്യേശിച്ച്ആണെന്ന് മനസിലാക്കും എന്ന് കരുതി ഞാന്‍ തുടക്കം കുറിക്കുന്നു.

സഹൃദയ കലാസ്നെഹികളെ നിങ്ങളേവരുടെയും അനുഗ്രഹത്തോടെയും ആശിര്‍വാദത്തോടെയും ഞാന്‍ ആരംഭിക്കുന്നു...