Search This Blog

Sunday, February 28, 2010

സംഗീതം

അവള്‍ എങ്ങോ മറഞ്ഞിരിക്കുകയായിരുന്നു...
നീ തൊട്ടുണര്‍ത്തുംവരെ.
അവള്‍ക്കീ പ്രപഞ്ചത്തോട്‌ എന്തോ പറയാന്‍ ഉണ്ടായിരുന്നു...
നിന്നംഗുലികളെ പ്രണയിചിരുന്നപ്പോള്‍.
നിന്‍റെ സംഗീതം നിന്‍റെതായിരുന്നില്ല,
ആ തംബുരുവിന് പ്രപഞ്ചത്തോടുള്ള പരിവേദനമായിരുന്നു.

നിന്‍റെ വിരഹത്തെ പ്രണയിച്ച്,
നിന്‍റെ വിരല്‍ത്തുമ്പില്‍ ജനിച്ച്,
നിന്‍റെ കാതില്‍ മരിച്ച,
ആ സംഗീതത്തെ നീ മനസിലാക്കിയിരുന്നുവോ..? ഇല്ല.
എന്തെന്നാല്‍ നീയും, ഞാനും, ഈ പ്രപഞ്ചവും അപൂര്‍ണമായിരുന്നു.
പൂര്‍ണതയിലേക്കുള്ള ഓരോ ചുവടുവയ്പിലും
നീ എത്തിച്ചേര്‍ന്നത് അപൂര്‍ണതയുടെ വിവിധ ഭാവങ്ങളിലായിരുന്നു.

നീ നിന്‍റെ വാകുകളാല്‍ അവള്‍ക്ക് രൂപം നല്‍കിയപ്പോള്‍,
നിന്‍റെ മസ്തിഷ്കത്തിന്‍റെ മാറാലകളുടെ കുരുക്കുകള്‍ മുറുകുകയായിരുന്നു.
പിടയുകയായിരുന്നു അവള്‍, ശ്വാസത്തിനായി!
കേഴുകയായിരുന്നു അവള്‍, സ്വാതന്ത്ര്യത്തിനായി!

പിറവിയുടെ വേദനയെ മാതൃഭാവത്തില്‍ നീ അറിഞ്ഞപ്പോള്‍,
ആ ശിശുരോദനം നിന്‍റെ കാതുകള്‍ക് അമൃതമായിരുന്നു.
ഇന്നലെവരെ ഒരു പൂവിന്‍റെ സ്വപ്നമായിരുന്നു സംഗീതം.
ഇന്നത്‌ ഒരു പൂമ്പാറ്റയുടെ നൃത്തമാകുന്നു!
ചിറകറ്റ് വീണ് ഒരിലത്തുമ്പിലെ രക്തമാകുന്ന നാള്‍ വരെ.

നിന്‍റെ സ്വപ്നങ്ങള്‍ക് മായ്ക്കാനാകില്ല,
നിന്‍റെ വാക്കിനാല്‍ വ്രണിതമായ സംഗീതത്തിന്‍റെ വേദന,
ഇനിയൊരിക്കലും പൂര്‍ണമാകാത്ത അവളുടെ ചടുലത,
മരവിച്ച വിരലില്‍ നീ കൊരുത്തിട്ട നിന്‍റെ പ്രണയം.

Wednesday, February 17, 2010

വിരഹം

തടയാന്‍ നിനക്കാവില്ല പകലിനെ,
പോയ്മറയും സന്ധ്യ ദൂരെ നീലംബാരത്തില്‍!
കാത്തിരിക്കുക,
വരുമൊരുപുലരി വീണ്ടും നിനക്കായ്‌...

പാറും പൂമ്പാറ്റകള്‍,
പാടും കിളിമകള്‍,
പൂക്കും തരുനിരകള്‍
ആ പുലരിയില്‍ നിന്‍ സ്വപ്നസാഫല്യമായ്!

യാത്രയാക്കുക ശോകയാം സന്ധ്യയെ
തിങ്കള്‍ താരാട്ടുപാടും നിനക്കായ്‌,
താരകള്‍ തഴുകിയുറക്കും നിന്നെ!
കാത്തിരിക്കുക,
വരുമൊരുപുലരി വീണ്ടും നിനക്കായ്‌...

നേര്‍ത്തമഞ്ഞിന്‍ കുളിരായ് വരും,
പച്ചിലത്തുമ്പിലെ തുള്ളിയായും.
തൊട്ടുണര്‍ത്തുന്നു നിന്നോടോതുവാന്‍,
നീ ഈ പകലിന്‍ സ്വന്തമല്ലോ...

പിന്നെന്തിനുസന്ധ്യയെ പുണരാന്‍ കൊതിക്കുന്നു നീ ....?