Search This Blog

Thursday, April 8, 2010

പൂമ്പാറ്റ

മൗനം ഘനീഭവിച്ച മനസ്സിൽ വളപ്പൊട്ടുകൾ കാത്തുവച്ചിരുന്നു നീ.
മഞ്ഞുപെയ്യുന്ന ഒരു പുലരിയിൽ എന്റെ കൈ പിടിച്ചോടി,
പുസ്തകത്താളിൽ കുരുത്തോലച്ചോറുകൊടുത്ത് നീ വളർത്തിയ മയിൽപ്പീലി കാട്ടിത്തരുമ്പോൾ,
നിന്റെ കണ്ണുകളിലെ തിളക്കത്തിനൊപ്പം,
സന്ധ്യക്ക് വിരിഞ്ഞ്, ചന്ദ്രന്റെ മടിത്തട്ടിലുറങ്ങിയും താരകളോട് സല്ലപിച്ചും കൊതിതീരാതെ
മറയാനിരുന്ന കൗമുദിയുടെ ആസന്നമായ വിരഹദു:ഖം മൊട്ടിട്ടിരുന്നുവെന്ന്
മാഞ്ഞുതുടങ്ങിയ ഓർമത്താളുകളിൽ, വരിതെറ്റിയ അക്ഷരക്കൂട്ടങ്ങൾക്കിടയിൽ നിന്ന്
ഞാൻ ചികഞ്ഞെടുക്കുമ്പോൾ,
ഈനിയും മരിച്ചിട്ടില്ലാത്ത മനസിന്റെ കോണുകളിൽ പൊടിയുന്ന ചുടുനിണത്തിന്റെ നീറ്റൽ...

ചുവട്ടിൽ റബ്ബറുള്ള പെൻസിൽ കൊണ്ട് നീ,
നിന്റെ കണക്കുപുസ്തകത്തിന്റെ പിന്നിൽ ഞാൻ കോറിയിട്ട നിന്റെ ചെല്ലപ്പേരുകൾ
മായ്ച്ചപ്പോൾ ആ കണ്ണുകളിൽ തുളുമ്പിയ തേൻകണങ്ങൾ
ഉരുകിയ ലോഹം പോലെ എന്റെ മറഞ്ഞുതുടങ്ങിയ ബോധത്തിലെവിടെയോ വീണ് പൊള്ളുന്നു.

എന്റെ വക്കുപൊട്ടിയ സ്ലേറ്റിൽ കല്ലുപെൻസിൽ കൊണ്ട് ഞാൻ നിനക്കായൊരുക്കിയ
പൂരത്തേയും ബലൂൺ വിൽപനക്കാരനേയും കാണാൻ കാത്തുനിൽക്കാതെ
ഉണങ്ങിയ ആലിലയിൽ കുരുത്തോലകളൊട്ടിച്ച് നീ ജന്മം നൽകിയ
നിന്റെ ഉണ്ണിക്കണ്ണനെ എന്റെ കയ്യിലേൽപിച്ച്,
കുറിഞ്ഞിയുടെ കുഞ്ഞുങ്ങൾക്ക് പാലുനൽകാൻ മറക്കരുതെന്ന്
പിന്നെയുംപിന്നെയും മന്ത്രിച്ചുകൊണ്ട്,
സ്കൂൾ വിടുന്ന സായന്തനങ്ങളിൽ, മറയുന്ന സൂര്യന്റെ തലോടലേറ്റ്‌
തൊടിയിൽ തുമ്പിയെ പിടിക്കാൻ എന്നും എന്റെ തുണിത്തുമ്പിൽ തൂങ്ങിയിരുന്ന കുഞ്ഞനുജത്തീ,
നിന്റെ സ്വപ്നങ്ങളിൽ നിന്നോടൊപ്പം കളിക്കാൻ കൂടുമായിരുന്ന
മഞ്ഞക്കണ്ണുകളും വെള്ളഫ്രോക്കുമിട്ട രാജകുമാരിയെ
ഞാൻ നിനക്കായ് വരച്ചത് കാണാൻ വരാതെ നീ എവിടെയാണ് മറഞ്ഞിരിക്കുന്നത്?

പേടിസ്വപ്നം കാണുമ്പോൾ ഏട്ടന്റെ മടക്കിയ കയ്ക്കുള്ളിൽ തലമറച്ചുറങ്ങുന്ന നീ,
രാജകുമാരിമാരുടെയും മന്ത്രവാദികളുടേയും കഥകളില്ലാതെ വിശപ്പ് മാറാത്ത നീ,
കൂട്ടുകാർ കളിയാക്കൂമ്പോഴോ കളിയിൽ തോൽക്കുമ്പോഴോ
പരാതിയുമായി എന്നടുത്തോടിയെത്താറുള്ള നീ,
ഇടവപ്പാതിയിൽ മുറ്റത്ത് വെള്ളം നിറയുമ്പോൾ കളിവള്ളമുണ്ടാക്കാനും,
മഴത്തുള്ളികൾ വെള്ളത്തിലുണ്ടാക്കുന്ന കുമിളകാണാനും
എന്നെ കൂട്ടിനുവിളിക്കുമായിരുന്ന നീയിന്നെവിടെയാണ്?

ആദ്യമായിക്കൊഴിഞ്ഞ നിന്റെ പല്ലുകണ്ട് നീ കരഞ്ഞപ്പോൾ,
മാലാഖമാർക്ക് പല്ലുകളേയില്ല എന്നുപറഞ്ഞത് കേട്ട്
നീ നിന്റെ പല്ലുകൊഴിഞ്ഞ മോണകാട്ടിച്ചിരിച്ചത് എന്റെ കഥ വിശ്വസിച്ചിട്ടോ,
ഈ ഏട്ടന് നല്ലപോലെ കള്ളം പറയാൻ പോലും അറിയില്ലെന്ന് കളിയാക്കിയതോ?

ഇല്ല. ഇനിയൊരിക്കലും ഏട്ടൻ കള്ളം പറയില്ല.
കള്ളമില്ലാത്ത ലോകത്തെ മാലാഖയായി,
മഷിത്തണ്ടുകൊണ്ട് മായ്ക്കാൻ കഴിയാത്ത മുറിപ്പാടുകൾ നൽകി,
നിന്റെ ബാല്യകാലസ്വപ്നങ്ങളുടെ കാവൽക്കാരനാക്കി,
എന്നെ ഈ മനുഷ്യരുടെ ലോകത്ത് ഒറ്റക്കുനിർത്തി
സ്വയം മാഞ്ഞുപോയ എന്റെ കളിക്കുടുക്കയോട് ഏട്ടന്റെ അവസാനയാചന-
നിനക്കായ് വാങ്ങിയ ഈ മഞ്ഞപ്പൂക്കളുള്ള പാവാട കണ്ട്,
എന്റെ കവിളിൽ ഒരു മുത്തം നൽകി,
പിന്നിയിട്ട നീണ്ട മുടികുലുക്കിയുള്ള ആ സന്തോഷനൃത്തം ചെയ്യാൻ
ഒരുതവണ എന്റെ സ്വപ്നത്തിൽ പുനർജനിക്കുമോ, ഒരു പൂമ്പാറ്റയായെങ്കിലും?

No comments:

Post a Comment